ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ രാജഭരണകാലം മുതല്‍ ഉപയോഗിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ രത്നങ്ങളും കല്ലുകളും പതിച്ച സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം മുന്‍സിഫ് കോടതി തടഞ്ഞു. രാജകുടുംബാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും പരാതിയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന പതിനഞ്ചു സ്വര്‍ണ നെറ്റിപ്പട്ടങ്ങളില്‍ പതിനാലെണ്ണവും കൊച്ചിയിലേക്ക് റെയില്‍പ്പാത നീട്ടുന്നതിനുവേണ്ടി രാമവര്‍മ്മ മഹാരാജാവിന് വില്ക്കേണ്ടിവന്നപ്പോഴും വൃശ്ചികോത്സവത്തിന് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിക്കുന്ന ആനക്ക് ചാര്‍ത്താന്‍ കരുതിവച്ച നെറ്റിപ്പട്ടമാണ് ഇപ്പോള്‍ ചില ദേവസ്വം അധികാരികളുടെ പണമോഹത്തിന് വേണ്ടി ഉരുക്കാന്‍ തീരുമാനിച്ചത് എന്ന് ഭക്തര്‍ ആരോപിച്ചു. സ്വര്ണനെറ്റിപ്പട്ടത്തിന്റെ മാറ്റുകുറഞ്ഞ ഉരുപ്പടികള്‍ ഉള്ളതായി പരിശോധനയില്‍ തെളിഞ്ഞിട്ടും അതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ ശ്രമിക്കാത്തതില്‍ അഴിമതിയുണ്ടെന്നും ഭക്തര്‍ ആരോപിച്ചു.
ക്ഷേത്രത്തിലെ വിലപിടിച്ച സ്വത്തുക്കള്‍ ഇല്ലായ്മ ചെയ്യുന്നതിന് അവയുടെ മൂല്യനിര്‍ണയം നടത്തണമെന്നും പുരാതനമായ സ്വര്‍ണങ്ങള്‍ കോടതിയുടെ നിരീക്ഷണത്തില്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഭക്തര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നു.
കോടതിയുടെ അനുകൂല വിധിയെത്തുടര്‍ന്ന് രാജകുടുംബാംഗങ്ങളുടെയും ഭക്തരുടെയും നേതൃത്വത്തില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തിനു മുന്നില്‍ ഇന്ന് രാവിലെ 8.30 ന് നാമജപ കൂട്ടായ്മ സംഘടിപ്പിക്കും.