News reports 02-12-2016

http://irinjalakudalive.com/?p=40378

കൂടല്‍മാണിക്യത്തിലെ സ്വര്‍ണ തലേക്കെട്ട് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ ഉത്സവത്തിന് നല്കാന്‍ പറ്റില്ലെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി

 

ഇരിങ്ങാലക്കുട : രാജഭരണകാലം മുതല്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ ഉത്സവത്തിന് തൃക്കേട്ട നാള്‍ മുതല്‍ ഉപയോഗിക്കുന്ന സ്വര്‍ണ നെറ്റിപ്പട്ടം ഉരുകിയതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ തൃക്കേട്ട പുറപ്പാടിന് ഡിസംബര്‍ 1 മുതല്‍ 5 വരെ എഴുന്നുള്ളിക്കുന്ന ആനക്ക് ഭഗവാന്റെ സ്വന്തം സ്വര്‍ണ്ണതലേക്കെട്ട് ഇല്ലാത്ത സ്ഥിതി വിശേഷം വന്നതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ ഒന്നിലധികം തലകെട്ടുകള്‍ ഉണ്ടെന്നറിഞ്ഞ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ സേവാ സംഘവും , ചടങ്ങുകള്‍ നടത്തുന്നിതിനായി ഒരു സ്വര്‍ണ തലേക്കെട്ട് തൃപ്പൂണിത്തുറ ദേവസ്വത്തിനു നല്‍കണമെന്ന് അപേക്ഷ വയ്ക്കുകയും ആവശ്യപ്പെടുകയും ചെയ്തു . എന്നാല്‍ ശ്രീ കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി ഈ ആവശ്യം നിരാകരിച്ചു. ഭക്തജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാക്കുമെന്ന തിരിച്ചറിവിലാണ് തീരുമാനമെന്ന് അറിയുന്നു. വളരെ അപൂര്‍വം ക്ഷേത്രങ്ങളിലെ സ്വന്തമായി സ്വര്‍ണ തലേക്കെട്ട് ഉള്ളു. പല ക്ഷേത്രങ്ങളും സ്വര്‍ണ തലേക്കെട്ട്  പുറത്ത് ആവശ്യങ്ങള്‍ക്ക് നല്‍കാറില്ല.
കൊച്ചി ദേവസ്വം ബോര്‍ഡും പൂര്‍ണ്ണത്രയീശ സേവാ സംഘവുമാണ് പുതിയ സ്വര്‍ണ തലേക്കെട്ടും കോലവും നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പണപിരിവ് നടത്തിയെങ്കിലും പഴയ സ്വര്‍ണക്കോലത്തിലെ സ്വര്‍ണവും ഉപയോഗിക്കാനുള്ള തീരുമാനമാണ് വിവാദമായത് . അമൂല്യങ്ങളായ രത്‌നങ്ങളും കല്ലുകളും പതിച്ചതാണ് തലേക്കെട്ടും കോലവും. സ്ഥാനമൊഴിഞ്ഞ രാജര്‍ഷി മഹാരാജാവ് പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന 15 സ്വര്‍ണ തലേക്കെട്ടുകളില്‍ പതിനാലും വിറ്റ്‌ ഷൊര്‍ണൂര്‍-കൊച്ചി റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു! 1902 ജൂണ്‍ 2 മുതല്‍ ഇതിലൂടെ ചരക്കുതീവണ്ടികളും ജൂലായ്‌ 16 മുതല്‍ യാത്രത്തീവണ്ടികളും കൂകിപ്പായാന്‍ തുടങ്ങിയത്‌ ആ ഗണത്തില്‍പ്പെട്ട തലേക്കെട്ടാണ് പുരാവസ്തുമൂല്യം അറിയാതെ ദേവസ്വം അധികൃതര്‍ നശിപ്പിച്ചത് . നേരത്തെ അമൂല്യ സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. എന്നാല്‍ ആ ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ തല്പര കക്ഷികള്‍ അമൂല്യ നെറ്റിപ്പട്ടം ഉരുക്കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഹൈക്കോടതി കേസ് കേട്ടോണ്ടിരുന്നത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവായി. കേസ് ജനുവരിയിലേക്ക് മാറ്റി. ഇതോടെ ഈ വര്‍ഷത്തെ തൃക്കേട്ട പുറപ്പാടിന് ഭഗവാന്റെ സ്വന്തം സ്വര്‍ണ്ണതലേക്കെട്ട് ഉണ്ടാവില്ല എന്ന് ഉറപ്പായി. ഇപ്പോള്‍ ഉത്സവത്തിനായി സ്വര്‍ണ്ണതലേക്കെട്ട് അന്വേഷിച്ചു നടക്കുകയാണ് കൊച്ചിന്‍  ദേവസ്വം ബോര്‍ഡ് , ഇതിനായാണ് കൂടല്‍മാണിക്യം ദേവസ്വത്തില്‍ സ്പെഷ്യല്‍ ദേവസ്വം കമ്മീഷ്ണര്‍ അപേക്ഷ നല്‍കിയത് .